മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് സംഘത്തെ പിടികൂടി മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സംഘത്തിലെ 6 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട്. വിദ്യാസമ്പന്നരായ ആളുകൾ പ്രധാനികളായ മയക്കുമരുന്ന് സംഘത്തിലെ വിദേശ ബന്ധമാണ് ഞെട്ടിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 1,128 കോടി രൂപയുടെ മയക്കുമരുന്ന് വിറ്റഴിച്ച സംഘമാണ് കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിദേശത്ത് താമസിക്കുന്ന നവീൻ ചിച്‌കാർ ആണ് ഈ സംഘത്തിന്റെ തലവനെന്നും ഇയാൾ നവി മുംബൈ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. വർഷങ്ങളായി ഇയായുടെ കൂട്ടാളികൾ വഴി മയക്കുമരുന്ന് കാർട്ടലുകൾ കടത്തുന്നുണ്ട്. ക്രിമിനൽ സൈക്കോളജി, ലണ്ടനിൽ ഫിലിം ആൻഡ് ടെലിവിഷൻ കോഴ്‌സ് തുടങ്ങിയവ പഠിച്ചയാളാണ് നവീൻ ചിച്‌കാർ. എന്നാൽ നിലവിൽ ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
സംഭവവവുമായി ബന്ധപ്പെട്ട കേസില്ഡ അറസ്റ്റിലായവരിൽ മൂന്ന് പേർ വിദേശത്ത് പഠിച്ചവരാണെന്ന് അധികൃതർ അറിയിച്ചു. കൊക്കെയ്ൻ, ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവ് തുടങ്ങിയവയാണ് ഇവർ കടത്തിയിരുന്നത്. നിരോധിത ലഹരി വസ്തുക്കൾ യുഎസിൽ നിന്ന് എയർ കാർഗോ വഴി മുംബൈയിലെത്തിച്ച് രാജ്യത്തുടനീളം വിൽപന നടത്തുകയായിരുന്നു ഇവരുടെ രീതി. ചിലവ ഓസ്‌ട്രേലിയയിലേക്കും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ജനുവരി 1 ന് ആണ് നവി മുംബൈയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ വിവരം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതികൾ കുറഞ്ഞത് 80 മുതൽ 90 കിലോഗ്രാം കൊക്കെയ്‌നും 60 കിലോയോളം ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവും വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേഷനിൽ 11.540 കിലോഗ്രാം ഹൈ ഗ്രേഡ് കൊക്കെയ്ൻ, 4.9 കിലോ ഹൈബ്രിഡ് സ്ട്രെയിൻ ഹൈഡ്രോപോണിക് കഞ്ചാവ്, 200 പാക്കറ്റ് (5.5 കിലോഗ്രാം) കഞ്ചാവ് മിഠായികൾ, 1,60,000 രൂപ എന്നിവയും നവി മുംബൈയിൽ നിന്ന് പോലീസ് കണ്ടെടുത്തു.