മുംബൈ : ആശങ്കയേറ്റി മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 26 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് രോഗം.
26-ൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. ഇനിയും രോഗികളുടെ എണ്ണം കൂടിയേക്കാം എന്നതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്.
നേരത്തേ തന്നെ ഇവിടത്തെ 7 നഴ്സുമാരുടെ കൊവിഡ് ഫലം പോസിറ്റീവായിരുന്നു എന്ന വാർത്ത വന്നിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ നിലവിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500-ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20-കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.
ഇതോടെ നഗരത്തിലെ ചേരി പ്രദേശങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാള്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതില്‍ വ്യക്തതയില്ലെന്നതും മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.