ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർഹോസ്റ്റസും സഹായിയും അറസ്റ്റിലായി. മാൻസി സയീദ് (41), സഹായി സുഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് അറസ്റ്റിലായത്. മാൻസി സയീദ് ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ വലിയ തോതിൽ എം.ഡി. (മെഫെഡ്രോൺ) മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സൂറത്ത് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം ഉദ്യോഗസ്ഥർ സംശയാസ്പദമായ കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ 977 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു.
കൂടാതെ മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ബാഗുകളും പാത്രങ്ങളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, മുംബൈയിൽനിന്ന് കാർ വാടകയ്ക്കെടുത്താണ് മയക്കുമരുന്ന് കൊണ്ടുവരുന്നതിനായി വഡോദരയിലേക്ക് യാത്രചെയ്തതെന്ന് അവർ വെളിപ്പെടുത്തി. വഡോദര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. മയക്കുമരുന്ന് മുംബൈയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വിൽപന. അഞ്ച് മുതൽ 10 ഗ്രാം വരെ മയക്കുമരുന്ന് പാക്കറ്റുകളിലാക്കി ആവശ്യാനുസരണം വിൽക്കുക എന്നതായിരുന്നു രീതി. രണ്ട് പ്രതികളും മുംബൈയിലെ സാന്താക്രൂസിൽ താമസിക്കുന്നവരും നിരവധി വർഷങ്ങളായി പരസ്പരം അറിയാവുന്നവരുമാണ്.
മലേഷ്യൻ എയർലൈൻസിൽ ജോലിചെയ്തിരുന്ന മുൻ എയർ ഹോസ്റ്റസായ മാൻസി പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2015 മുതൽ മാൻസി മയക്കുമരുന്ന് ശൃംഖലയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021-ൽ മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് മയക്കുമരുന്നുമായി ഇവർ അറസ്റ്റിലായിരുന്നു. ഈ കേസിൽ നാല് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്നു. 2021-ലെ കേസിന്റെ അന്വേഷണത്തിനിടയിലാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിലെ മയക്കുമരുന്ന് വിതരണ ശൃംഖലകളുമായി മാൻസിക്കുള്ള ബന്ധം പുറത്തുവന്നതെന്ന് പോലീസ് പറയുന്നു. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ സ്ത്രീക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.































