കടുങ്ങല്ലൂർ : എടയാറ്റുചാലിനു പിന്നാലെ കടുങ്ങല്ലൂർ പഞ്ചായത്തിലെ മുണ്ടകപ്പാടവും കതിരണിയാനൊരുങ്ങുന്നു. തരിശുകിടന്ന പാടശേഖരത്തിൽ നിലമൊരുക്കൽ തുടങ്ങും. വലിയൊരു കാർഷികമേഖലയായിരുന്ന കടുങ്ങല്ലൂരിലെ ഭൂരിഭാഗം കൃഷിയിടങ്ങളും ഇപ്പോൾ തരിശുകിടക്കുകയാണ്. കൃഷിയ്ക്കനുയോജ്യമായ ഈ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കണമെന്ന കർഷകരുടെ ആവശ്യമാണ് ഇപ്പോൾ നിറവേറാൻ പോകുന്നത്.
300 ഏക്കർ വിസ്തൃതിയുള്ള എടയാറ്റുചാലിൽ നിലമൊരുക്കൽ തുടങ്ങി. മഴ കൂട്ടിപ്പിടിച്ചതോടെ പാടശേഖരമെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ പമ്പുചെയ്ത് കളയുന്നതിനുള്ള നടപടി തുടരുകയാണ്. കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടെ സഹകരണത്തോടെയാണ് ഇവിടെയെല്ലാം കൃഷിയിറക്കുന്നത്. അതിനുപുറമെയാണ് പടിഞ്ഞാറേ കടുങ്ങല്ലൂരിലെ മുണ്ടകൻപാടത്തും കുട്ടനാട്ടുകാരുടെ സഹകരണത്തോടെ കൃഷിചെയ്യാനൊരുങ്ങുന്നത്.
150 ഏക്കറിലധികം വിസ്തീർണമുണ്ട് മുണ്ടകൻപാടത്തിന്. ഇതിൽ 10 ഏക്കറോളം സ്ഥലത്ത് പ്രദേശവാസികളായ കർഷകർ പതിവായി കൃഷിചെയ്യുന്നുണ്ട്. ബാക്കി കൃഷിക്കനുയോജ്യമായ 75 ഏക്കറിലാണ് ഇപ്പോൾ കൃഷിചെയ്യാൻ തയ്യാറെടുത്തിരിക്കുന്നത്. പ്രദേശത്തെ കർഷകരെയും ഭൂവുടമകളെയും ഉൾപ്പെടുത്തി പാടശേഖര സമിതി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തിലാണ് കൃഷിചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.