കോട്ടയം : കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. കനത്ത മഴയില്‍ കോട്ടയത്ത് ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയർന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.
ശക്തമായ വെള്ളത്തിന്റെ വരവ് മുണ്ടക്കയം കോസ് വേ പാലം മൂടുന്ന വരെ ആയി കൂടാതെ ഓടകളിൽ നിന്നും വെള്ളം ഉയർന്നതിനാൽ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. 26ആം മൈൽ ജംഗ്ഷനിലും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് സ്ലോട്ടിലും തോട്ടിൽ നിന്നുമുള്ള ജലം ഉയർന്നതിനെ തുടർന്ന് വെള്ളം കയറി. ഓടകൾ അടഞ്ഞു വെള്ളം ഉയരുന്നതിനാൽ ആനക്കൽ ടൗണിലെ പല കടകളിലും വെള്ളം കയറുകയും സാധനങ്ങൾ മാറ്റുകയും ചെയ്യുകയാണ്.
സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.