റാന്നി : റാന്നി രാമപുരം ക്ഷേത്രം-ഇല്ലത്തുപടി – മുണ്ടപ്പുഴ വല്യേത്തുപടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കരാർ നൽകിയിട്ട് ഒരു വർഷത്തോളമാകുന്നു. ജൽജീവൻ മിഷന്റെ പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിക്കേണ്ടിവരുമെന്നതിനാൽ പണി തുടങ്ങാതെ ഇത്രയും കാലം കാത്തിരുന്നു. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല റോഡ് മെറ്റലിട്ട് ഉറപ്പിക്കുന്നതിനിടയിൽ പൊട്ടിയ ജലവിതരണ പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനു പോലും അവർ തയ്യാറായില്ലെന്നും പരാതി ഉയർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് ജനം മടുത്തു. ക്ഷമനശിച്ചപ്പോൾ ഇനിയും കാത്തിരിക്കാനാവില്ലെന്ന തീരുമാനത്താൽ ബുധനാഴ്ച റോഡിന്റെ കോൺക്രീറ്റിങ് തുടങ്ങി.
റാന്നി ഗ്രാമപ്പഞ്ചായത്തിൽ പെരുമ്പുഴ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും തുടങ്ങുന്ന റോഡിനാണ് ഈ ദുർഗതി. തകർന്നുകിടക്കുന്ന റോഡിലൂടെ നടന്നുപോകാൻ പോലും ബുദ്ധിമുട്ടുള്ള സ്ഥിതിയിലെത്തിയിരുന്നു. റീ ബിൽഡ് കേരളയിലുൾപ്പെടുത്തി 85 ലക്ഷം രൂപ അനുവദിച്ചതോടെ നാട്ടുകാർക്ക് പ്രതീക്ഷയായി. ജി.എസ്.ടിയും മറ്റും ഒഴിവാക്കി 65 ലക്ഷം രൂപയാണ് റോഡ് കോൺക്രീറ്റിങ്ങിനായി വിനിയോഗിക്കുന്നത്. കഴിഞ്ഞ ജൂലായിൽ കരാർ നൽകിയതാണ്. ഇപ്പോഴാണ് പണികൾ നടക്കുന്നത്. റോഡിന് വീതി കുറവാണ്. ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ കുറച്ചുഭാഗത്ത് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇനിയും സ്ഥാപിക്കാനുണ്ട്. റോഡ് നന്നാക്കിയ ശേഷം പൈപ്പിടുന്നതിനായി വെട്ടിപ്പൊളിക്കേണ്ടിവരുമെന്നതിനാൽ പൈപ്പിട്ടശേഷം പണികൾ തുടങ്ങാമെന്നായി.
അതിനായി കാത്തിരുന്നത് എട്ടുമാസത്തോളം. ഒരു പ്രയോജനവുമുണ്ടായില്ല. കൂടുതൽ തകർന്ന റോഡിലൂടെ യാത്ര ഏറെ ദുരിതവുമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അവസാനം റോഡുപണി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചമുമ്പ് റോഡിൽ മെറ്റലിട്ട് നിരപ്പാക്കി. ഈ സമയം ചിലയിടങ്ങളിൽ നിലവിലുള്ള ജലവിതരണ പൈപ്പ് പൊട്ടിയിരുന്നു. ഇത് നന്നാക്കണമെന്ന ആവശ്യം പോലും നടപ്പാക്കിയിട്ടില്ല. നാലുദിവസമായി ഈ മേഖലയിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. തകരാറുകൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാവുമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. പൈപ്പ് പൊട്ടിയ ഭാഗത്തുനിന്നും അല്പം മാറിയാണ് ഇപ്പോൾ റോഡുപണി തുടങ്ങിയിട്ടുള്ളത്.