കോന്നി : മുണ്ടോൻമൂഴി മണ്ണീറ റോഡ് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കാത്തത് ജനങ്ങളെ വലക്കുന്നു. വനഭൂമിയിലൂടെ കടന്നു പോകുന്ന റോഡിലെ തകർന്നുകിടക്കുന്ന ഭാഗമാണ് റീ ടാറിങ് നടത്താനുള്ളത്. 2022 ൽ നബാർഡ് ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് റോഡ് ടാറിങ് നടത്തിയിരുന്നു. എന്നാൽ ഇത് വീണ്ടും പൊളിഞ്ഞിളകി. റോഡിലെ അപകടകരമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമ്മിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് നടപ്പായില്ല. ഇതേ റോഡിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കനത്ത മഴയിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറെസ്റ്റേഷനും ഇടയിൽ റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണിരുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ യാത്ര വളരെ ദുഷ്കരമായിതീർന്നിട്ടുണ്ട്.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ തന്നെ ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ ദുസ്ഥിതി മൂലം ഓട്ടോ റിക്ഷകൾ പോലും ഇതുവഴി സവാരി നടത്തുവാൻ മടിക്കുന്നുണ്ട്. കൂടാതെ മണ്ണീറ തീറ്റപുൽ കൃഷിയിലേക്ക് പോകുന്നതും ഇതുവഴിയാണ്. മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുൻപ് ഇതുവഴി കെ എസ് ആർ റ്റി ബസ് അടക്കം സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതും ഇല്ല. റോഡിന്റെ വീതി കുറവും വാഹന യാത്ര ദുഷ്കരമാക്കി. മഴകാലത്ത് വനത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം റോഡിലൂടെ ആയിരുന്നു സമീപത്തെ കല്ലാറ്റിലേക്ക് ഒഴുകിയിരുന്നത്. റോഡിന് ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകി പോകുവാൻ ഇടമില്ലാതെ ഇരുന്നതും റോഡിന്റെ തകർച്ചക്ക് കാരണമായി.