മല്ലപ്പള്ളി : സമൂഹത്തിൽ ആശ്രയിക്കുന്നവരുടെ ആശങ്കയകറ്റുന്നതായിരിക്കണം റസിഡന്റ്സ് അസോസിയേഷനുകളുടെ അടിസ്ഥാന പ്രമാണമെന്നും സുരക്ഷിതമായ പ്രാദേശിക വളർച്ച രാജ്യത്തെ സമ്പൂർണ വളർച്ചയിലേക്കു നയിക്കുമെന്നും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി സാമുവൽ പറഞ്ഞു. മുണ്ടമല റസിഡന്റ്സ് അസോസിയേഷന്റെ പുതുവർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരം സ്നേഹ ജ്യോതി ബാലികാ ഭവനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. എം. എം ജോൺ മുഖ്യ പ്രഭാഷണം നടത്തി. ആശ്രയ കേന്ദ്രം ഡയറക്ടർ റവ.ജോജി തോമസ്, പാസ്റ്റർ വി.കെ. ഏബ്രഹാം, റ്റി.കെ.അനീഷ് കുമാർ, കെ.കെ തമ്പി, പാസ്റ്റർ കെ. എം. ഉമ്മൻ, സാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.