പത്തനംതിട്ട : ജൈവ – അജൈവ മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനവുമായി മുന്നേറുകയാണ് ജില്ല കേന്ദ്രം. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൂടുതൽ ശേഷിയുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം സി എഫ്) കൂടി ആരംഭിച്ചിരിക്കുകയാണ് നഗരസഭ. മുനിസിപ്പൽ മാർക്കറ്റിൽ സ്ഥാപിച്ച എം സി എഫ് കേന്ദ്രത്തിന് 2000 ചതുരശ്ര അടി സംഭരണശേഷിയാണുള്ളത്. വെയിംഗ് മെഷീനുകൾ, സോർട്ടിംഗ് ടേബിളുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിന് ഏറെ വെല്ലുവിളിയായിരുന്ന അജൈവ മാലിന്യ സംസ്കരണ രംഗത്ത് 44 അംഗങ്ങളുള്ള ഹരിതകർമ്മ സേന പ്രവർത്തിക്കുന്നു. മാലിന്യ ശേഖരണത്തിലും തരംതിരിക്കലിനുമായി മൂന്ന് എംസിഎഫുകൾ 7 മിനി എംസിഎഫുകൾ എന്നിവയും നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ജൈവ മാലിന്യ സംസ്കരണ രംഗത്ത് വീടുകൾ മുതൽ ജില്ലാ ഭരണ കേന്ദ്രത്തിൽ വരെ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്കരണത്തിന്റെ വിജയഗാഥയാണ് നഗരത്തിന് പറയാനുള്ളത്. ജില്ലാ കേന്ദ്രത്തിലെ ഓഫീസ് സമുച്ചയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നാല് പോർട്ടബിൾ യൂണിറ്റുകൾ, കിച്ചൺ ബയോ ബിന്നുകൾ, നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമൂഴി എറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ ഉപയോഗിച്ച് ചിട്ടയായ പ്രവർത്തനങ്ങളാണ് നഗരത്തിൽ നടന്നു വരുന്നത്.
ഇപ്പോഴത്തെ ഭരണസമിതി ചുമതലയേൽക്കുമ്പോൾ വലിയ വെല്ലുവിളി ഉയർത്തിയിരുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന 55 മാലിന്യ കൂനകളാണ്. എന്നാൽ ദീർഘവീക്ഷണത്തോടെ തീരുമാനങ്ങളെടുത്ത് ഇച്ഛാശക്തിയോടെ നടപ്പിലാക്കാൻ ഇറങ്ങിയപ്പോൾ നഗരവാസികളാകെ ഒപ്പം നിൽക്കുന്നു എന്നതാണ് ഈ വിജയത്തിന് കാരണം. ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന് പ്രതീക്ഷയാണ് ഭരണസമിതിക്ക് ഉള്ളത് എന്നും നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പുതിയ എം സി എഫ് ഗാന്ധിജയന്തി ദിനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് ജാസിം കുട്ടി മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലീൻ സിറ്റി മാനേജർ വിനോദ് സ്വാഗതം ആശംസിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ എം എസ്, അനിന, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന, സെക്രട്ടറി ബിന്ദു എന്നിവർ പ്രസംഗിച്ചു.