പത്തനംതിട്ട : പത്തനംതിട്ട മുൻസിപ്പൽ ലൈബ്രറിയുടെ പ്രവർത്തനം 1962 ലെ നിയമാവലി പ്രകാരമാണ് ഇതുവരെ നടന്നിരുന്നത്. അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 8 മുതൽ 11 വരെയും, വൈകുന്നേരം 4 മുതൽ 7 വരെ വായനാശാല വിഭാഗവും, ഗ്രന്ഥശാലയുടെ പ്രവർത്തനം രാവിലെ 9 മുതൽ 11 വരെയും ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 5.30 വരെയും മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്.
ജില്ലാ കേന്ദ്രമായി മാറിയ പത്തനംതിട്ടയുടെ ആവശ്യങ്ങൾക്ക് ഈ സമയക്രമം അനുസൃതമല്ല. എന്നാൽ കഴിഞ്ഞ 50 വർഷത്തിലധികമായി ഈ സമയക്രമമാണ് നിലവിലുള്ളത്. ഈ സമയക്രമം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നിരവധി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വായനശാലയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുവാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതിനെ തുടർന്ന് വായനക്കാരുടെയും നഗരവാസികളുടെയും ഉദ്യോഗാർഥികളുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തുവാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
ലൈബ്രറി കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ച് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ റീഡിംഗ് റൂമും, 10 മുതൽ 5 വരെ ഗ്രന്ഥശാലയും തുറന്നു പ്രവർത്തിക്കണമെന്ന് തീരുമാനിച്ചു. ഇന്ന് മുതൽ ഈ പ്രവർത്തന സമയം പ്രാബല്യത്തിൽ വന്നു. ഔപചാരികമായ ഉദ്ഘാടനം മുൻസിപ്പൽ ലൈബ്രറിയിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ നിർവഹിച്ചു. കൗൺസിലർ അഡ്വ. എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. കെ അനീഷ്, ജാസിം കുട്ടി, ശോഭ.കെ.മാത്യു, ഇന്ദിരാ മണി, നീനു മോഹൻ, ലൈബ്രറി പ്രതിനിധി കാശിനാഥൻ എന്നിവർ സംസാരിച്ചു.