പാലാ : മൂന്നിലവ് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ തിരിമറി സംബന്ധിച്ച വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ് അബിൻ കെ സെബാസ്റ്റ്യന്റെ നേത്രുത്വത്തിലുള്ള നിലവിലെ ഭരണസമിതി കേരളാ ഹൈക്കോടതിയില്‍ നല്‍കിയ WPC 46/2024 നമ്പര്‍ റിട്ട് ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ഭരണസമിതിയുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവായി. ആന്റോ ആന്റണി എം.പിയുടെ സഹോദരന്‍ പരേതനായ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന 2004 മുതലുള്ള മൂന്ന് ഭരണസമിതിയുടെ കാലയളവിലാണ് കോടികളുടെ അഴിമതികൾ നടന്നത്. വ്യാജരേഖകൾ ചമച്ചും വസ്തുവിന്റെ വിലകൾ അമിതമായി പെരുപ്പിച്ചു കാണിച്ചും നിരവധി വായ്പകള്‍ നല്‍കി.
ഈടില്ലാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലും 93 വായ്പകളിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ചാണ് വിജിലൻസ് കേസ്. എന്നാല്‍ വിജിലൻസ് അന്വേഷണത്തില്‍ മുൻ സെക്രട്ടറി സജീവ് എസ് നെയും 2004 മുതൽ 2013 വരെയുള്ള കാലയളവിലെ ഭരണസമിതി അംഗങ്ങളെയും 93 വായ്പക്കാരെയും ഒഴിവാക്കിക്കൊണ്ടാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോഴത്തെ ഭരണസമിതി കോടതിയെ സമീപിച്ചത്. ഹര്‍ജി കക്ഷികളുടെയും വിജിലന്‍സിന്റെയും വാദങ്ങൾ കേട്ട കോടതി ബാങ്കിന്റെ പരാതികളിന്മേല്‍ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.