അടൂര്‍ : എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയില്‍ അടൂര്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മ്മാതാവ് പിടിയില്‍. കൊല്ലം മങ്ങാട് അജി മന്‍സിലില്‍ അംജിത് (44) ആണ് ഗള്‍ഫില്‍ നിന്നു മടങ്ങി വരുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. കൂട്ടു പ്രതികളായ 6 പേര്‍ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ. ഷബീറിനെയാണ് വധിക്കാന്‍ ശ്രമിച്ചത്. 2019 മെയ് എട്ടിന് പുലര്‍ച്ചെ എംസി റോഡില്‍ കരിക്കത്തിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേയ്ക്കു പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു കാറില്‍ പുറപ്പെട്ട ഷബീറിനെ യാത്രാ മധ്യേ ആക്രമിച്ചു കൊലപ്പെടുത്താനായിരുന്നു ശ്രമം.
ഷബീറിന്റെ ബിസിനസ് പങ്കാളിയായിരുന്നു അംജിത് കണക്കില്‍ നടത്തിയ തിരിമറികള്‍ ഷബീറിന് ബോധ്യപ്പെടാതിരിക്കാനാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഷബീറിനെ മൊബൈല്‍ ഫോണ്‍ കടയുടെ പാര്‍ട്ണര്‍ ആണെന്ന രീതിയില്‍ ബിസിനസ് പങ്കാളിയാക്കി. പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷര്‍ എന്ന സിനിമയും നിര്‍മ്മിച്ചു. അംജിത് നടത്തിയ തിരിമറികള്‍ ബോധ്യപ്പെടാതിരിക്കാന്‍ ബഷീര്‍ അവധി കഴിഞ്ഞ് തിരികെ ഗള്‍ഫില്‍ എത്തുന്നതു തടയാനായിരുന്നു അംജിത് ആക്രമണം ആസൂത്രണം ചെയ്തത്.
ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂര്‍ സ്വദേശി മാഹിന്‍ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കുകയായിരു. ആഡംബര കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്നു തടഞ്ഞു നിര്‍ത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയില്‍ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീര്‍ ആശുപത്രിയിലായി.
ടി. ദിനേശ് ലാല്‍ (വാവാച്ചി), എസ്.ഷാഫി, ബി. വിഷ്ണു, പി.പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികള്‍. നാലാം പ്രതി ആഷിക് ട്രെയിന്‍ തട്ടി മരിച്ചു. പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പോലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹിനെ ഗള്‍ഫിലെത്തിച്ചു ജോലി നല്‍കി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടില്‍ വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.