ചെന്നൈ : തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ കൊച്ചു മക്കള്‍ക്ക് പലഹാരം വാങ്ങാന്‍ പോയ മുത്തച്ഛനെ പട്ടാപ്പകല്‍ നടു റോഡില്‍ വെട്ടിക്കൊന്ന കേസില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സുഹൃത്ത് മാരിമുത്തുവിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. വാടക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോഡിനായ്ക്കന്നൂര്‍ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെ ചൊവ്വാഴ്ചയാണ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്.
സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വരവെ അഞ്ചംഗ സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് കൊലപ്പെടുത്തിയത്.കേസില്‍ രാധാകൃഷ്ണന്റെ സുഹൃത്ത് മാരിമുത്തു. മകന്‍ മനോജ് കുമാര്‍, സുരേഷ്, സുരഷിന്റെ മകന്‍ യുവരാജ്, മദന്‍കുമാര്‍, മനോഹരന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് മനോഹരനെ അറസ്റ്റു ചെയ്തത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ തേനി ജില്ല പോലീസ് മേധാവി നിയോഗിച്ചിരുന്നു.
പിടിയിലാകുമെന്ന് മനസ്സിലായതോടെ പ്രതികള്‍ തേനി ജില്ല കോടതിയില്‍ കീഴടങ്ങാനെത്തി. ഇതറിഞ്ഞ പോലീസ് ആറു പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന സ്ഥലം മാരിമുത്തുവിന് ഇഷ്ടികക്കളം നടത്താന്‍ വാടകക്ക് നല്‍കിയിരുന്നു. അദ്യഘട്ടത്തില്‍ ഇതിന് വാടക ഈടാക്കിയിരുന്നില്ല. അടുത്തയിടെ രാധാകൃഷ്ണന്‍ വാടക ചോദിച്ചത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനും കയ്യാങ്കളിക്കും കാരണമായിരുന്നു.