ചെന്നൈ : പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് ചെന്നൈ പോലീസിന്റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെല്‍വിയെ കൊന്ന് തള്ളിയത്. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ് ശെല്‍വിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീര്‍ണിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് തമിഴ് ശെല്‍വിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭര്‍ത്താവ് മദനാണെന്ന് നേരത്തെ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.
നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെല്‍വിയും മദനും ചെന്നൈയില്‍ റെഡ് ഹില്‍സിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച് കാണാതായെന്നുമാണ് മദന്‍ പോലീസിന് നല്‍കിയ മൊഴി.
കോണിയ പാലസിനു സമീപം തമിഴ് ശെല്‍വിയും മദനും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവിയില്‍ നിന്ന് ആന്ധ്ര പോലീസ് കണ്ടെത്തി. തമിഴ് ശെല്‍വിയുമായി വഴക്കുണ്ടായെന്നും കത്തിയെടുത്ത് കുത്തിയശേഷം വെള്ളച്ചാട്ടത്തില്‍ തള്ളിയെന്നും മദന്‍ പോലീസിനോട് സമ്മതിച്ചു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മദനെ ചെന്നൈ സെങ്കുണ്‍ട്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല നടന്നത് ആന്ധ്രാപ്രദേശില്‍ ആയതുകൊണ്ട് പ്രതിയെ ആന്ധ്ര പോലീസിന് കൈമാറുമെന്ന് സെങ്കുണ്‍ട്രം പോലീസ് പറഞ്ഞു.