തിരുവനന്തപുരം: സ്വത്തിനു വേണ്ടി അമ്മയെ കൊന്നു കെട്ടിത്തൂക്കി. ക്വട്ടേഷന്‍ തുകയ്ക്ക തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഗുണ്ടയെ കൊന്നു വെട്ടി നുറുക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. കോഴിക്കോട് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ രണ്ടരവര്‍ഷത്തിനു ശേഷം പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ബിർജുവാണ് അറസ്റ്റിലായത്. അറസ്റ്റോടെ ഇയാളുടെ അമ്മ ജയവല്ലിയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞു. അമ്മയുടെ കൊലപാതകത്തിൽ സഹായിച്ച സുഹൃത്ത് ഇസ്മയിലിനെയും ബിർജു വകവരുത്തുകയായിരുന്നു. ഇസ്മയിലിന്റെ ശരീരഭാഗങ്ങളാണ് ബേപ്പൂരിൽ കണ്ടെത്തിയത്. ഇസ്മയിലെനെ ഇയാൾ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ഇസ്മായിൽ. ഇയാൾ നാല് കേസുകളിൽ പ്രതിയാണ്. ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വർഷങ്ങൾക്കു ശേഷം പിടികൂടാൻ സഹായിച്ചത്.
2017 ജൂണ്‍ 28നാണ് ഇസ്മയിലിന്റെ ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. ചാലിയം കടല്‍ തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല് മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാൽ മരിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
2017 ഒക്ടോബർ നാലിന് പോലീസിൽനിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെയാണ് കേസിൽ തുമ്പുണ്ടാകുന്നത്. ഇസ്മയിലിന് ഒരു കൊലപാതകത്തിൽ പങ്കുണ്ടെന്ന് സുഹൃത്തുക്കളിൽനിന്ന് മനസിലായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ഇസ്മയിലിന്റെ അടുപ്പക്കാരെ അന്വേഷിച്ച പോലീസ് ഇയാൾ ജോലി ചെയ്തിരുന്ന ഭൂ ഉടമയിലേക്ക് എത്തി. ഭൂഉടമയുടെ മകൻ ബിർജുവുമായി ഇസ്മയിലിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ബിർജുവിനെ അന്വേഷിച്ച പോലീസിന് ഇയാൾ ചാലിയത്തുനിന്നും ഭൂമി വിറ്റുപോയെന്നാണ് അറിയാൻ കഴിഞ്ഞത്. ബിർജുവിനെ തമിഴ്നാട്- കേരള അതിർത്തിയിൽ വയനാട് ബക്കിക്കടുത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് വേഗമെത്താൻ പോലീസിനായി.
ബിർജുവും അമ്മ ജയവല്ലിയും തമ്മിൽ സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. സ്വത്തുക്കൾ കൈവശപ്പെടുത്താൻ അമ്മയെ കൊല്ലാൻ ബിർജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന് ക്വട്ടേഷൻ കൊടുത്തു. ഇസ്മായിൽ ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഈ മരണത്തിൽ അ സ്വഭാവികത അന്ന് തോന്നിയിരുന്നില്ല. ജയവല്ലിയെ കൊന്നതിന് നൽകേണ്ട ക്വട്ടേഷൻ തുകയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ഇസ്മായിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതി ബിർജുവിന്റെ മൊഴി. പിന്നീട് ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു.