കൊല്ലം : ഏരൂര്‍ വിളക്കുപാറയിലെ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികന്‍ പിടിയില്‍. വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹന്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകിട്ടാണ് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വീട്ടമ്മയുടെ വയറ്റിലും നെഞ്ചിലും ചുണ്ടിലും മുറിവുണ്ടായിരുന്നു. പുനലൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
പ്രദേശത്തെ നൂറോളം പേരെ ചോദ്യം ചെയ്യുകയും, ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പതിനഞ്ച് പേരെ ഡി എന്‍ എ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. മോഹനനെ നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു. പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മദ്യലഹരിയിലുള്ള ചില സംസാരങ്ങളാണ് ഇയാളാണ് കൊലയാളി എന്ന സംശയമുയരാന്‍ കാരണമായത്.
തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അടുക്കളവഴി വീടിനുള്ളില്‍ കയറിയ പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒച്ചവച്ചപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.