ന്യൂഡല്‍ഹി: ഭര്‍ത്താവ് നടത്തിയ ബലാത്സംഗശ്രമം പുറത്തുവരാതിരിക്കാന്‍ അയാള്‍ക്കൊപ്പം ചേര്‍ന്ന് സഹോദരിപുത്രിയെ കൊലപ്പെടുത്തി 45കാരി. ഡല്‍ഹിയിലെ നന്ദഗിരിയിലാണ് ഞെട്ടിക്കുന്ന സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വക്കീല്‍ പോഡര്‍ (51) എന്നയാളും ഇയാളുടെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.
റിക്ഷാത്തൊഴിലാളിയാണ് പോഡര്‍. ഇയാളുടെ ഭാര്യയുടെ തൊഴില്‍ ഭിക്ഷാടനവും. പഠനത്തിനായാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഇവര്‍ക്കൊപ്പം താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തഹ്രിപുര്‍ മേഖലയിലെ ഇവരുടെ വീട്ടില്‍ നിന്നും അഴുകിത്തുടങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. തുടര്‍ന്ന നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
പോലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 മുതലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പോഡറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിക്കുന്നത്. പോഡറിനെയും കാണാനില്ലെന്ന് വ്യക്തമായതോടെയാണ് സംശയം ദമ്പതിമാരിലേക്ക് തന്നെ നീണ്ടത്.’ പ്രാഥമിക അന്വേഷണത്തില്‍ ഒക്ടോബര്‍ 23ന് രാവിലെ അഞ്ചരയോടെ ഭിക്ഷാടനത്തിനായി വീടു വിട്ടിറങ്ങിയെന്നാണ് പോഡറിന്‍റെ ഭാര്യ പറഞ്ഞത്. ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. ഭര്‍ത്താവിനോട് തിരക്കിയപ്പോള്‍ അവളെ ഗസീയാബാദിലെ അനാഥാലയത്തിലാക്കി എന്നാണ് പറഞ്ഞത്’ സ്ത്രീയുടെ മൊഴി അനുസരിച്ച് പോലീസ് പറയുന്നു.
തുടരന്വേഷണത്തില്‍ പോഡറിനെയും ഒക്ടോബര്‍ 23 മുതല്‍ കാണാനില്ലെന്ന് വ്യക്തമായി. ഗസീയബാദിലെ അനാഥാലയത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പെണ്‍കുട്ടി അവിടെയെത്തിയിട്ടില്ലെന്നും തെളിഞ്ഞു. തുടര്‍ന്നാണ് ദമ്പതികളെ കേന്ദ്രീകരിച്ച് തന്നെ അന്വേഷണം തുടര്‍ന്നത്. പോഡറിന് പെണ്‍കുട്ടിയോട് അരുതാത്ത താത്പ്പര്യം ഉണ്ടായിരുന്നത് സംബന്ധിച്ച് അയല്‍വാസികളില്‍ നിന്നും പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യം ഭാര്യയ്ക്കും അറിയാമായിരുന്നുവെന്നുമുള്ള വിവരവും ഇതോടെ പുറത്തു വന്നു.
തുടര്‍ന്ന് പോഡാറിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ബീഹാറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതതോടെ കൊലപാതക വിവരങ്ങള്‍ പുറത്തുവന്നു. ‘ഒരു മാസം മുമ്പ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടി ഇതിനെ എതിര്‍ത്തു. ഭാര്യ വിവരം അറിഞ്ഞത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ തിരികെ ഗ്രാമത്തിലേക്ക് മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കണമെന്നറിയിച്ച് കുട്ടി പോകാന്‍ തയ്യാറായില്ല. വിഷയത്തില്‍ ഭാര്യയുമായി പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു’ പോഡാര്‍ മൊഴി നല്‍കി.
തുടര്‍ന്ന് ഒക്ടോബര്‍ 23ന് ദേഷ്യത്തില്‍ ഭാര്യ തന്നെയാണ് പെണ്‍കുട്ടിയെ കൊല്ലാനുള്ള നിര്‍ദേശം നല്‍കിയത്. കൊലപാതകം നടത്താന്‍ ഇയാളെ നിയോഗിച്ച ശേഷം വീടിന് പുറത്ത് ഇവര്‍ കാവല്‍ നിന്നതായും ഇയാള്‍ പറഞ്ഞു. അകത്ത് കടന്ന പോഡര്‍, ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ തലയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയായിരുന്നു. തലയില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങിയതോടെ ഒരു ബ്ലാങ്കറ്റ് ഉപയോഗിച്ച് കുട്ടിയെ പൊതിഞ്ഞു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു പെട്ടിയിലാക്കി സൂക്ഷിച്ചു. ഇത് ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വീട്ടില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു.
കുറച്ച് ദിവസം വീട് വിട്ടു നിന്നശേഷം തിരികെ വന്ന പുതിയ കഥ മെനയാം എന്ന ആശയത്തോടെ ഇവര്‍ വീട് വിട്ട് മാറിനില്‍ക്കുകയും ചെയ്തു. എന്നാല്‍ സംഗതികള്‍ ഇവരുടെ കൈവിട്ട് പോവുകയും ഇരുവരും അറസ്റ്റിലാവുകയുമായിരുന്നു. ഭിന്നശേഷിക്കാരിയാണ് പോഡറുടെ ഭാര്യ. കൊലപാതകത്തിനായി ഉപയോഗിച്ച ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.