ലക്‌നൗ: പിതാവിനെ പതിനേഴുകാരന്‍ അതിദാരുണമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ടി.വി സീരിയലായ ‘ക്രൈം പട്രോള്‍’ ആണ് പന്ത്രണ്ടാം ക്ലാസുകാരന് പ്രചോദനമായത്. ഇന്നലെ അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോഴാണ് ‘ക്രൈം പട്രോളിംഗ്’ പരമ്പര നൂറ് തവണ ഇയാള്‍ കണ്ടതായി മനസിലായത്.
മേയ് രണ്ടിനാണ് പിതാവ് മനോജ് മിശ്രയെ (42) ഇയാള്‍ കൊലപ്പെടുത്തിയത്. ഇരുമ്പുവടികൊണ്ട് പിതാവിന്റെ തലയില്‍ അടിക്കുകയായിരുന്നു. ബോധംകെട്ടപ്പോള്‍ ഒരു തുണികൊണ്ട് കഴുത്തു ഞെരിച്ചു. പിന്നീട്, അതേ രാത്രിയില്‍ അമ്മയുടെ സഹായത്തോടെ കുട്ടി മൃതദേഹം അഞ്ച് കിലോമീറ്റര്‍ അകലെയുളള ഒരു വനമേഖലയിലേക്ക് കൊണ്ടുപോയി. ശേഷം പെട്രോളും ടോയ്‌ലറ്റ് ക്ലീനറും ഉപയോഗിച്ച് പിതാവിനെ കത്തിക്കുകയായിരുന്നു.
കത്തി കരിഞ്ഞ മൃതദേഹത്തിലെ കണ്ണട വഴിയാണ് ശരീരം മനോജിന്റേതാണെന്ന് അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. മനോജ് പലപ്പോഴും ഭഗവദ്ഗീത പ്രസംഗിക്കാന്‍ പല പ്രദേശങ്ങളില്‍ പോകാറുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ നീണ്ട അഭാവത്തെക്കുറിച്ച് തങ്ങള്‍ സംശയിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.
മനോജിന്റെ മകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും എല്ലാ തവണയും ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ക്രൈം പട്രോളിംഗ് സീരിയലിന്റെ എപ്പിസോഡുകള്‍ നൂറ് തവണയെങ്കിലും കണ്ടതായി കണ്ടെത്താനായത്. നിരവധി തവണ ചോദ്യം ചെയ്‌തതിന് ശേഷം പതിനേഴുകാരന്‍ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് മകനേയും അമ്മ സംഗീത മിശ്രയേയും (39) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുണ്ട്.