ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. സംഭവത്തില്‍ 28-കാരനായ വാസുദേവ് ഗുപ്ത എന്നായാള്‍ അറസ്റ്റിലായി. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങി കൊണ്ടിരിക്കെയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുല്‍ത്താന്‍പുര്‍ സ്വദേശിയായ വാസുദേവ് ഗുപ്തയുടെ ഭാര്യ 20 ദിവസം മുമ്പ് തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചുപോയിരുന്നു. മൂന്ന് വയസുള്ള മകനേയും എടുത്ത് നാലുവയസുകാരിയായ മകളെ ഗുപ്തയ്‌ക്കൊപ്പം നിര്‍ത്തിയാണ് പോയത്. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു ഇയാള്‍. വ്യാഴാഴ്ച ദീര്‍ഘനേരം മകള്‍ കരഞ്ഞു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഗുപ്ത കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് മകളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഭാര്യക്കായി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയില്‍ കറങ്ങി. ഗുപ്തയുടെ ഇളയ സഹോദരന്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. സംഭവം ദിവസം വൈകുന്നേരമാണ് സഹോദരന്‍ രവി ഗുപ്തയുടെ വീട്ടിലെത്തുന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ മകളെ കൊന്നകാര്യവും നോയിഡയില്‍ കറങ്ങുന്ന കാര്യവും ഗുപ്ത അറിയിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഗുപ്ത. വര്‍ഷങ്ങളായി ഖോദ കോളനിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഗുപ്ത. ഭാര്യ നോയിഡയിലെ ഒരു സ്പായിലാണ് ജോലി ചെയ്തിരുന്നത്.