കണ്ണൂര്‍ : പാനൂര്‍ പുല്ലക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യുപി സ്ക്കൂളിന് സമീപം കല്ലുമ്മല്‍ പീടിക പടിക്കല്‍ കൂലോത്ത് രതി (57) യെയാണ് ഭര്‍ത്താവ് മോഹനന്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന്റെ വാതില്‍ അടച്ചു കുറ്റിയിട്ട ശേഷമാണ് കൊല ചെയ്തത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മക്കള്‍: ധനുഷ് ,ധനിഷ.