കൊച്ചി : കടവന്ത്രയിൽ ഭർത്താവിനെ ഭാര്യ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കടവന്ത്രയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശങ്കറിന്റെ ഭാര്യ സെല്വിയെയും മകൾ അനന്ദയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്വി പോലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈ കട്ടിലിൽ കെട്ടിവെച്ചശേഷം ഷൂ ലെയ്സ് കൊണ്ട് കഴുത്തില് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ അച്ഛന് അനങ്ങുന്നില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുണർത്തി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് സമയത്ത് ശങ്കറിന്റെ കഴുത്തിലെ പാട് കണ്ട് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.