ഫിറോസാബാദ് (യുപി): കടം വാങ്ങിയ അന്‍പതു രൂപ മടക്കി നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കൊല നടത്തിയ ബ്രഹ്മാനന്ദ് എന്ന യുവാവ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
വിജയ്പാല്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിജയ്പാലും ബ്രഹ്മാനന്ദും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചാണ് നിര്‍മാണ ജോലി ചെയ്യുന്നതും.
വിജയ്പാല്‍ ബ്രഹ്മാനന്ദിന്റെ പക്കല്‍നിന്ന് അന്‍പതു രൂപ കടം വാങ്ങിയിരുന്നു. ഫെബ്രുവരി 22ന് ഇരുവരും ജോലിയെല്ലാം കഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി. ഇതുപിന്നെ തര്‍ക്കത്തിലേക്കു വളരുകയായിരുന്നു.
തര്‍ക്കത്തിനൊടുവില്‍ താന്‍ വിജയ്പാലിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് ബ്രഹ്മാനന്ദ് പോലീസിനോടു സമ്മതിച്ചു. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.