കൊച്ചി : കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈന്നാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ പിടികൂടുകയായിരുന്നു. മുഹമ്മദിനെ വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും. പോലീസ് രണ്ടു സംഘമായി മുഹമ്മദ് ഹുസൈനെ തിരഞ്ഞ് ചൊവ്വാഴ്ച മൈസൂരുവില്‍ എത്തിയിരുന്നു.
ഒപ്പം കര്‍ണാടക പോലീസിന്‍റെയും സഹായമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് ഇയാള്‍ കൊച്ചിയില്‍നിന്ന് രക്ഷപെട്ടത്. കര്‍ണാടക പോലീസിന്‍റെ സഹായത്തോടെയാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. ഒളിവില്‍ പോകാന്‍ സഹായിച്ച സിദ്ധു എന്നയാള്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. കേസില്‍ മൊത്തം നാലുപേര്‍ പിടിയിലായി. കേസില്‍ രണ്ടാംപ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍, മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനും മൂന്നാംപ്രതിയുമായ മുഹമ്മദ് ഹസന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.