കോന്നി : പയ്യനാമണ്‍ പത്തലുകുത്തിയില്‍ ഭാര്യയെയും വളര്‍ത്തുമകനെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു. കോന്നി വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാനുണ്ട്.
പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ പരേതനായ ശാമുവേലിന്റെ മകന്‍ സോണി(52) ആണ് ഭാര്യ റീന(45)നെയും ഇവരുടെ വളര്‍ത്തുപുത്രന്‍ ഏഴ് വയസുള്ള റയാനെയും കൊലപെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റീനയുടെയും റയാന്റെയും മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. വെള്ളിയാഴ്ച്ച ഭാര്യയെയും മകനെയും കൊലപെടുത്തി മരണം ഉറപ്പിച്ച ശേഷം ശനിയാഴ്ച്ച രാത്രിയോടെയായിരിക്കാം സോണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വര്‍ഷങ്ങളായി കുവൈറ്റില്‍ ബിസിനസ് നടത്തി വന്ന സോണിക്ക് പങ്കാളിത്ത കച്ചവടത്തില്‍ ഏഴ് കോടി രൂപയോളം നഷ്ടപെട്ടിരുന്നു. അവിടെ ഉണ്ടായ സാമ്പത്തിക ബാധ്യതയ്ക്ക് ശേഷം മൂവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വളര്‍ത്തുമകനെ തലയ്ക്കടിച്ചും ഭാര്യയെ വെട്ടി കൊലപെടുത്തുകയും ചെയ്തതിന് ശേഷമാണ് സോണി ആത്മഹത്യ ചെയ്തത്