പാലക്കാട് : എസ്‌ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈര്‍ (47) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ ശേഷം പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ അക്രമി സംഘം ഉപയോഗിച്ചതായി പറയുന്ന ഒരു കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുത്തിയതോടാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണോയെന്ന് പരിശോധിച്ചു വരുന്നതായി പോലീസ് പറഞ്ഞു. സുബൈര്‍ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.