കൊച്ചി : മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു(80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ലതാമങ്കേഷ്കറുടെ അതേ ശബ്ദം അനുകരിച്ച് പത്താം വയസ് മുതലാണ് ബാബു വേദികള്‍ കീഴടക്കി തുടങ്ങിയത്. അഭിനയ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാബൂളിവാലയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പിജെ തീയറ്റേഴ്സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഗാനം ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ എന്ന ഗാനമാണ് പേരിനു മുന്‍പില്‍ സീറോ എന്ന അപര നാമം ചേര്‍ത്തു നല്‍കിയത്.
1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെയാണ് അദ്ദേഹം പിന്നണി ഗായകനാകുന്നത്. തുടര്‍ന്ന് ഭൂമിയിലെ മാലാഖ, പോര്‍ട്ടര്‍ കുഞ്ഞാലി, ജീവിതയാത്ര, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ആത്തിക്ക ബാബു, മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നസീര്‍.