ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റർ താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം വായിക്കാൻ കഴിയുന്ന തരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റിൽ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്, പരിധി 300 പോസ്റ്റുകൾ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ കാണാമെന്നും മസ്ക് വ്യക്തമാക്കി.
ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താൽക്കാലിക പരിധി നിശ്ചയിക്കുന്നത്. അതേസമയം സിസ്റ്റം കൃത്രിമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഒരു വെബ് സൈറ്റിൽ നിന്ന് ഇംപോർട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്ക്രാപ്പിങ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. നൂറോളം ഓർഗനൈസേഷനുകൾ, ഒരുപക്ഷേ കൂടുതൽ, ട്വിറ്റർ ഡാറ്റ സ്‌ക്രാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നു എന്നും മസ്ക് പറഞ്ഞു.