കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് നിലപാട്.
കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം മുമ്പുണ്ടായിരുന്ന കുന്ദമംഗലം തിരികെ വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ കെപിഎ മജീദിനോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും, അബ്ദുറഹ്മാന്‍ രണ്ടത്താണിയുമാണ് കോഴിക്കോട് എത്തിയത്.
വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ രണ്ടെണ്ണം ചോദിച്ച് വാങ്ങണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് മുമ്പില്‍ ജില്ലാ കമ്മിറ്റി വെച്ചു. കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരി ഇത്തവണ വേണ്ടന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇതോടെയാണ് കുന്ദമംഗലം വാങ്ങണമെന്ന തീരുമാനത്തിലേക്ക് നേതാക്കളെത്തിയത്. അധികമായി കിട്ടുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തിന് മുമ്പില്‍ വെച്ചു. ജില്ലാ കമ്മിറ്റിയുടെ വികാരത്തിനൊപ്പം നില്‍ക്കാമെന്ന മറുപടിയാണ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നേതാക്കളെടുത്തത്.