മലപ്പുറം: സി പി എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമർശനത്തെ പിന്തുണച്ച് മുസ്ലീം ലീഗ് രംഗത്ത്. മത പണ്ഡിതന്മാർ മതകാര്യം പറയുമ്പോൾ സി പി എം എന്തിനാണ് അതിൽ ഇടപെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. സി പി എം പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സി പി എം തടഞ്ഞെന്നും അഭിപ്രായപ്പെട്ട സലാം, സി പി എം എന്നും സ്ത്രീകൾക്ക് എതിരെന്നും വ്യക്തമാക്കി. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും സലാം വിവരിച്ചു.
അതിനിടെ സ്ത്രീപുരുഷ സമത്വം സംബന്ധിച്ചു കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവ തലത്തിലുമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധ പൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചിരുന്നു. ഇതിനോടാണ് ഐസകിൻ്റെ പ്രതികരണമുണ്ടായത്.