കണ്ണൂര്‍: കണ്ണൂരിലെ മുഹ്യുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറിയ സാമൂഹ്യ വിരുദ്ധരെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ പൊതുവിലും കണ്ണൂരില്‍ പ്രത്യേകിച്ചുമുള്ള മത-സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യമുള്ള സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ചെയ്തിയാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്.
പകല്‍ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഹീനവും നിന്ദ്യവുമായ ഈ ചെയ്തിക്കെതിരെ നിയമ പാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതെ വിശ്വാസി സമൂഹം തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ കരീംചേലേരി എന്നിവര്‍ പള്ളി സന്ദര്‍ശിച്ച് പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ജുമുഅ ദിവസമായതിനാല്‍ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പിരിഞ്ഞുപോയിരുന്നു. ഇമാമിന്റെ പ്രസംഗപീഠത്തിനടുത്ത് കാര്‍പറ്റിലാണ് ചാണകം കണ്ടത്. ഒരാളാണ് അതിക്രമത്തിനു പിന്നിലെന്നും മൂന്നു പേര്‍ ബൈക്കിലെത്തിയിരുന്നെന്നും പറയപ്പെടുന്നുണ്ട്. വിശ്വാസികള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ഹൗള് മലിനമാക്കിയതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡിവൈഎസ്പി ടി കെ രത്‌നാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.