മലപ്പുറം: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നിട്ടും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത കോൺഗ്രസ് രാജ്യത്തെ മതന്യൂനപക്ഷത്തെ കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയാണ് ആർ.എസ്.എസ്. അവരുടെ അജൻഡകളാണ് ബി.ജെ.പി നടപ്പാക്കുന്നത്. അവർ മുന്നോട്ടു വയ്ക്കുന്ന ആശയം ഹിറ്റ്ലറുടേതും സംഘടനാ രീതി മുസ്സോളിനിയുടേതുമാണ്. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മിണ്ടിയില്ല.
ദേശീയതലത്തിൽ പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ വിദേശത്തായിരുന്നു. സി.എ.എക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് പല ഇടതു നേതാക്കളും അറസ്റ്റിലായപ്പോഴും കോൺഗ്രസ് നേതാക്കളുടെ ശബ്ദം എവിടെയും കേട്ടില്ല. ലോക്‌സഭയിൽ ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ പ്രതികരിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ സംഘപരിവാർ അവരെ ആക്രമിച്ചു. അവിടെയും ഇടതുപക്ഷം ഓടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.