അഗർത്തല: ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാർട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. അടുത്ത മാസത്തിന് ശേഷം താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്ന് പ്രദ്യോത് ദേബ്ബർമ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്ര മോത പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമയുടെ പ്രഖ്യാപനം. സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകാനാണ് വർഷങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേബ്ബർമ പറഞ്ഞു. ഇതൊരു താൽക്കാലിക പിന്മാറ്റമോ വൈകാരികമായ തീരുമാനമോ അല്ലെന്നും പൂർണമായും ആലോചിച്ചെടുത്ത സ്ഥിരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുക എന്നതായിരുന്നു തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് ദേബ്ബർമ പറഞ്ഞു. രാഷ്ട്രീയമായി വലിയൊരു നേട്ടത്തിൽ നിൽക്കുമ്പോഴും വർഷങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നയപരമായ ചർച്ചകളും വലിയ ഉത്തരവാദിത്തങ്ങളും തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സജീവ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തീരുമാനം തന്നെ ത്രിപുരയിൽ നിന്നോ ജനങ്ങളിൽ നിന്നോ അകറ്റില്ലെന്നും ദേബ്ബർമ പറഞ്ഞു. ജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുമെന്നും അവരുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള ശബ്ദമായി തുടരുമെന്നും ദേബ്ബർമ വ്യക്തമാക്കി.
ബ്രൂ അഭയാർത്ഥി പ്രശ്നപരിഹാരവും തിപ്രസ കരാറിനായുള്ള പോരാട്ടവും തന്റെ പൊതുജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വ്യക്തിയേക്കാളും രാഷ്ട്രീയ പാർട്ടിയേക്കാളും വലുതാണ് തിപ്രസ കരാറെന്ന് പറഞ്ഞ അദ്ദേഹം, നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയും നൽകിയ ഉറപ്പുകൾ രാഷ്ട്രീയ കാരണങ്ങളാൽ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




























