കോഴിക്കോട് : ജനിതകമാറ്റം വന്ന കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇവർ നിരീക്ഷണത്തിൽ തുടരും. ചികിത്സയിലുള്ള 2 പേരുടെയും ആരോഗ്യനില തൃപ്തികരം. കോഴിക്കോട് ജില്ലയിൽ വാക്സിൻ ട്രയൽ റൺ ജനുവരി 9ന് നടക്കുമെന്ന് ഡി എം ഒ ഡോക്ടർ വി ജയശ്രീ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്ന് കോഴിക്കോടെത്തിയ അച്ഛനും രണ്ടര വയസുകാരിക്കും ജനിതകമാറ്റം വന്ന കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ വീട്ടിലുള്ള 5 പേരും നിരീക്ഷണത്തിൽ തുടരുമെന്ന് ഡി എം ഒ ഡോ. വി ജയശ്രീ അറിയിച്ചു.
ചികിത്സയിലുള്ള 2 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി എം ഒ പറഞ്ഞു. ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയത ശേഷം 92 പേരാണ് ബ്രിട്ടനിൽ നിന്ന് കോഴിക്കോട് എത്തിയത്. ജില്ലയിൽ കൊവിഡ് വാക്സിനായി സർക്കാർ – സ്വകാര്യ മേഖലയിലെ 33163 പേരാണ് രജിസ്റ്റർ ചെയത്. പി എച്ച് സി, സി എച്ച് സി, സർക്കാർ ആശുപത്രികൾ ഉൾപ്പെടെ 97 വാക്സിൻ സൈറ്റുകൾ തയ്യാറാക്കി. ട്രയൽ റൺ ജനുവരി 9ന് നടക്കുമെന്ന് ഡി എം ഒ, പറഞ്ഞു. ജില്ലയിൽ വാക്സിൻ സൂക്ഷിക്കാനായി മലാപ്പറമ്പ് റീജിയണൽ ലബോറട്ടറിയിലാണ് വാക്സിൻ സ്റ്റോർ സജ്ജമാക്കിയത്.