കോന്നി : കോന്നിയുടെ മലയോര മേഖലയിൽ മൂട്ടിപ്പഴത്തിന്റെ വരവറിയിച്ച് മൂട്ടിക്കായ മരങ്ങൾ പൂവിട്ട് തുടങ്ങി. തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട് ആലുവാകുടി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിരവധി മൂട്ടിക്കായ മരങ്ങളാണ് പൂവിട്ട് നിൽക്കുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിലും വനങ്ങളിലും കാണപ്പെടുന്ന മൂട്ടിക്കായ മരങ്ങൾ മൂട്ടിപുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻ തൂറി, മൂട്ടിത്തൂറി, കുന്തപഴം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.
സാധാരണ മരങ്ങളിൽ നിന്നും വ്യത്യസ്തമായി പഴങ്ങൾ മൂട്ടിൽ കായ്ക്കുന്നത് മൂലമാണ് ഇതിന് ഈ പേര് വന്നത്. പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷിസിൽ പെട്ട അപൂർവ മരമാണിത്. മലയണ്ണാൻ, കരടി, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ട ഭക്ഷണം കൂടിയാണിത്. ഭക്ഷ്യ യോഗ്യമായ പഴത്തിന്റെ ഉള്ളിലെ ജെല്ലി പോലെയുള്ള ഭാഗമാണ് കഴിക്കുക. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ പാകമാകുമ്പോൾ ചുവന്ന നിറമാകും. പുളിപ്പും മധുരവും ചേർന്ന രുചിയാണ് ഫലങ്ങൾക്ക്. ഇലകൾക്ക് 14 സെന്റിമീറ്റർ നീളവും ഏഴ് സെന്റി മീറ്റർ വീതിയും ഉണ്ടാകും.