തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തില്‍ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിതി അയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് പുതിയ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നീതി ആയോഗിന്റെ കണക്കനുസരിച്ച് എല്ലാ മേഖലയിലും കേരളം ഒന്നാമതാണ്. ഇത് മറന്നുകൊണ്ടാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം നടന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും. പ്രധാനമന്ത്രി ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്താമോയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.





























