കൊച്ചി : സിപിഎം സംഘടനാ രംഗത്ത് പ്രമുഖനായ എംവി ഗോവിന്ദന്‍ നിയമസഭയിലേക്കുള്ള മൂന്നാം ഊഴത്തിലാണ് മന്ത്രിയാവുന്നത്. മൊറാഴയിലെ പാര്‍ട്ടി അംഗത്തില്‍ നിന്ന് സിപിഎം കേന്ദ്ര കമ്മറ്റി വരെയുള്ള രാഷ്ട്രീയ യാത്ര പടിപടിയായിരുന്നു. വിഭാഗീയത കൊടുമ്പിരികൊണ്ട സമയത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് എം.വി ഗോവിനന്ദന്‍.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ മൊറായ സംഭവം നടക്കുന്നത് 1940ല്‍. പതിമൂന്ന് കൊല്ലമിപ്പുറം എം.വി ഗോവിന്ദന്‍ ജനിക്കുമ്പോള്‍ കമ്യൂണിസ്റ്റ് കോട്ടയായി മാറിയിരുന്നു ആ നാട്. മോറാഴ ഗ്രാമീണ വായനശാലയിലിരുന്ന് വായിച്ചു തീര്‍ത്ത പുസ്‌കകങ്ങളാണ് ഗോവിന്ദന്റെ രാഷ്ട്രീയം പരുവപ്പെടുത്തിയത്.
പരിയാരം ഇരിങ്ങല്‍ യുപി സ്‌കൂളിലെ കായികാധ്യാപകന്‍ ജോലി രാജിവെച്ച് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. 70-ല്‍ പാര്‍ട്ടി അംഗമായി. അടിയന്തരാവസ്ഥാ കാലത്ത് കൊടിയ പോലീസ് പീഡനം. നാല് മാസം ജയില്‍ വാസം. ഡിവൈഎഫ്‌ഐ-യുടെ പ്രഥമ പ്രസിഡന്റും. പിന്നീട് സെക്രട്ടറിയുമായി. സംസ്ഥാനമൊട്ടാകെ മനുഷ്യച്ചങ്ങല തീര്‍ക്കല്‍, കളക്ടറേറ്റ് വളയല്‍ എന്നിങ്ങനെ കേരളം കേട്ടിട്ടില്ലാത്ത സമര രീതികള്‍ ഗോവിന്ദന്റെ ചിന്തകളായിരുന്നു.
ബദല്‍ രേഖയെ ചൊല്ലി പാര്‍ട്ടിക്കുള്ളിലെ ആശയ സമരം കൊടുമ്പിരി കൊണ്ട് എംവിആറിനെ പുറത്താക്കിയ കാലത്ത് രാഷ്ട്രീയം മതിയാക്കിയാലോ എന്ന് എംവി ഗോവിന്ദന്‍ ആലോചിച്ചിരുന്നത്രേ. എന്നാല്‍ 2000 ത്തിന് ശേഷം സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തി നിന്ന നാളില്‍ പിണറായിക്കൊപ്പം പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്താന്‍ ഗോവിന്ദന്‍ പണിയെടുത്തു.
സംഘടന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എറണാകുളം ജില്ലാ സെക്രട്ടറിയായി. 2002 മുതല്‍ 2006 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അന്ന് അക്രമരാഷ്ട്രീയത്തിന്റെ പഴി കേള്‍ക്കാതെ നാട് സമാധാനം ശ്വസിച്ചു. ഇഎംഎസ്, ഗോവിന്ദപ്പിള്ള എന്നിങ്ങനെയുള്ള ആചാര്യര്‍ക്ക് ശേഷം പാര്‍ട്ടിയുടെ ആശയധാരയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നേതൃസ്ഥാനം മാഷ് ഏറ്റെടുത്തു. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി. ഈ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി ലൈന്‍ വിട്ടൊരു പ്രസംഗം വിവാദമായി.
ഇന്ത്യന്‍ സാഹചര്യത്തില്‍ ഇനി വൈരുദ്യാത്മക ഭൗതികവാദം നടപ്പില്ലെന്ന പ്രസംഗം പാര്‍ട്ടിക്കകത്ത് വലിയ പുകിലുണ്ടാക്കി. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞാണ് മാഷ് തടിയൂരിയത്. 1996 മുതല്‍ 2006 വരെ പത്ത് കൊല്ലം തളിപ്പറമ്പില്‍ നിന്നു തന്നെ എംഎല്‍എആയിരുന്നു. ഭാര്യ പികെ ശ്യാമളയും സജീവമായി രാഷ്ട്രീയത്തിലുണ്ട്.