ചാലക്കുടി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധന കണ്ട് വെട്ടിച്ച് കടന്ന യുവാക്കളെ പിടികൂടി. രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെ ബജാജ് ചേതക് സ്കൂട്ടർ ഓടിച്ചുപോയ യുവാക്കൾ വീട്ടിൽ എത്തുംമുമ്പേ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതിന് ഉദ്യോഗസ്ഥര്‍ക്കു സഹായകമായത് ദൈവത്തിന്റെ കൈയ്യൊപ്പു പോലെ വീണു കിട്ടിയ മൊബൈല്‍.
കൊരട്ടി സ്വദേശികളായ പറോക്കാരൻ അജൊ ജോസ്, പറോക്കാരൻ ടോം തോമസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ ചാലക്കുടി മേഖലയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് യുവാക്കൾ എത്തിയത്. ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ നിർത്താതെ വളരെ അപകടകരമായി ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്കൂട്ടറിൽ ഇവര്‍ കടന്നുകളയുകയായിരുന്നു ഇവര്‍.
നമ്പറില്ലാത്ത സ്കൂട്ടർ ആയതിനാൽ ഉദ്യോഗസ്ഥർ നിസഹായരായി നോക്കിനില്ക്കുമ്പോൾ സ്കൂട്ടറിന്റെ പിന്നിലിരുന്ന യുവാവിന്റെ മൊബൈൽ ഫോണ്‍ താഴെ വീണു. ഉദ്യോഗസ്ഥർ ഇത് കൈക്കലാക്കി. സ്ക്രീൻ ലോക്ക് ആയതിനാൽ തുറക്കാനായില്ല. സർവീസ് സെന്ററിന്റെ സഹായത്തോടെ മൊബൈൽ ഫോണിന്റെ ഉടമസ്ഥന്റെ മേൽവിലാസം കരസ്ഥമാക്കിയാണ് യുവാക്കളുടെ വീട് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ യുവാക്കളുടെ വീട്ടിൽ എത്തിയശേഷമാണ് യുവാക്കൾ വീട്ടിലെത്തുന്നത്. ഉദ്യോഗസ്ഥർ കൈയോടെ ഇരുവരെയും പിടികൂടി.
സ്കൂട്ടറിന്റെ രേഖകൾ പരിശോധിച്ചപ്പോൾ മൂന്നുവർഷം മുമ്പു രജിസ്ട്രേഷൻ തീർന്നതാണ്. ഇൻഷ്വറൻസ് പുതുക്കിയിരുന്നില്ല. അപകടകരമായി വാഹനം ഓടിച്ചതിനും രണ്ടു യുവാക്കളുടെയും പേരിൽ കേസെടുത്തു. കൂടാതെ മലപ്പുറം ഐഡിടിആർ സെന്ററിൽ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ഏഴു ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധസേവനം ചെയ്യാനുമുള്ള മാതൃകാപരമായ ശിക്ഷണനടപടികൾ സ്വീകരിച്ചു.