തിരുവനന്തപുരം: പൊതുവഴിയുടെ നടുവിൽ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ എംവിഡി മുന്നറിയിപ്പ്. മൂന്ന് പേര്‍ റോഡിൽ സൗഹൃദ സംഭാഷണത്തിൽ ഗാഢമായി മുഴുകിയിരിക്കുന്നതിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിസാരമെന്നും നിർദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകൾ നമ്മൾ ദൈനംദിനം ധാരാളമായി കാണാറുണ്ട്. സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവോടുകൂടിയതുമായ ഒരു നാൽക്കവലയിലാണ് ഈ വാഹനം നിൽക്കുന്നത് എന്ന് ചിത്രത്തിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും.
ഇരുചക്രവാഹനം നിർത്തിയിരിക്കുന്ന പാതയിൽ കൂടി കടന്നുവരേണ്ടതായ ഒരു ബസിനെ കാത്തു നിൽക്കുന്ന ഒരു വനിതയും ചിത്രത്തിൽ ഉണ്ട്
ഒരു റോഡപകടത്തിന്‍റെ സാധ്യതയും അതിന്‍റെ ഗുരുതരാവസ്ഥയും ഈ ചിത്രത്തിൽ നിന്നും എത്രമാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് എംവിഡി ചോദിക്കുന്നത്. താൻ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ ഇദ്ദേഹത്തിന്‍റെ ചിന്തയിൽ കടന്നുവന്നിട്ടേയില്ല എന്നത് ശരീരഭാഷയിൽ നിന്ന് മനസിലാക്കാം.
പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുൻതൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. Stationary hazard എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലാണ് ഈ മൂന്നുപേരും നിൽക്കുന്നത്. മറ്റുള്ളവർക്ക് വേണമെങ്കിൽ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തിൽ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാൻ ഈ ചിത്രത്തിൽ കാണുന്ന കാരണം തന്നെ ധാരാളം മതിയാകും. ഓടി വരുന്ന മറ്റൊരു വാഹനത്തിന്‍റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവർത്തികൾ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ സാധിക്കില്ലെന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.