പത്തനംതിട്ട : കനത്ത മഴയെയും അവഗണിച്ച് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിനവും സജീവമായി. പതുക്കെ തുടങ്ങിയ ജനത്തിരക്ക് ഉച്ചയോടെ വര്‍ധിക്കുകയായിരുന്നു. വൈകുന്നേരമായതോടെ സ്റ്റാളുകളില്‍ തിരക്ക് ഏറെയായി. പതിവ് മാതൃകകളില്‍നിന്നും വ്യത്യസ്തമായ കാഴ്ചാനുഭവം ഒരുക്കിയ എന്റെ കേരളം പ്രദര്‍ശനം ഇതിനകം ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു.
സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും അഭിമാനവും വിവരിക്കുന്ന എന്റെ കേരളം പവലിയനാണ് കൂടുതല്‍ ശ്രദ്ധേയം. ഭാവികേരളത്തിന്റെ രൂപമാതൃകയും ഇവിടെ വരച്ചുകാട്ടുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്റെ കേരളം തീം പവലിയന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ള സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ തീര്‍ത്തിട്ടുണ്ട്. ഈ സ്റ്റാള്‍ ഇപ്പോള്‍തന്നെ സെല്‍ഫിപോയിന്റായിക്കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടമുള്ള മുഖ്യമന്ത്രിമാര്‍ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്നവരില്‍ യുവതലമുറ മുതല്‍ പ്രായംചെന്നവര്‍വരെയുണ്ട്.
ടൂറിസം മേഖലയില്‍ പത്തനംതിട്ട ജില്ലയുടെ സാമ്പത്തിക – തൊഴില്‍ സാധ്യതകള്‍ വിളിച്ചോതുന്ന ടൂറിസം വകുപ്പിന്റെ പവലിയനിലേക്കാണ് സന്ദര്‍ശകര്‍ ആദ്യമെത്തുന്നത്. ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ഇവിടെ ദര്‍ശിക്കാനാവുക. ഇതോടൊപ്പം കിഫ്ബിയുടെ പവലിയനും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. കിഫ്ബി നടത്തിവരുന്നതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിവരം ഇവിടെ ലഭ്യമാണ്. സ്വന്തം നാട്ടില്‍, സ്വന്തം വീടിനടുത്ത് വരുന്ന പദ്ധതികളെക്കുറിച്ചുള്ള പൂര്‍ണ വിവരവും ലഭിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയും ടെക്നോ ഡെമോയും യുവതലമുറയെയാണ് കൂടുതലായി ആകര്‍ഷിക്കുന്നത്. കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രദര്‍ശന സ്റ്റാളുകള്‍ക്ക് പുറമേ കാര്‍ഷിക ഉത്പന്നങ്ങളുടെ ഔട്ട്ഡോര്‍ ഡിസ്പ്ലേയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാളുകളും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. മയിലിന്റെ മുട്ടമുതല്‍ ഒട്ടകപക്ഷിയുടെ മുട്ടവരെ ഇവിടെ ദര്‍ശിക്കാം.
പോലീസ് സ്റ്റാളുകളിലും കൗതുകം ഏറെയുണ്ട്. പോലീസ് ഉപയോഗിക്കുന്ന വിവിധ തോക്കുകളും അവയുടെ ഉപയോഗരീതിയും ഇവിടെ കാണാം. കണ്ണീര്‍വാതക ഷെല്‍ വിക്ഷേപിക്കുന്ന തോക്കു മുതല്‍ അത്യാധുനിക യന്ത്ര തോക്കുകള്‍വരെ ഇവിടെയുണ്ട്. ഇവയുടെ പ്രവര്‍ത്തന രീതികള്‍ ഉദ്യോഗസ്ഥര്‍ തന്നെ വിവരിച്ചുനല്‍കുന്നു. ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോംബ് നിര്‍വീര്യമാക്കുന്നതിന് ഉപയോഗിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം അത്ഭുതമുളവാക്കുന്നതാണ്.
ജിഎസ്ടി, അക്ഷയ, ബിഎസ്എന്‍എല്‍, വനിതാ-ശിശുവികസന വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. പുതിയ ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരവും ലഭ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമസഹായവും കൗണ്‍സലിംഗും നല്‍കുന്ന സ്റ്റാളിലും കൂടുതല്‍ സന്ദര്‍ശകര്‍ വിവരങ്ങള്‍തേടി എത്തുന്നുണ്ട്. കുടുംബശ്രീയുടെ കരകൗശല വില്‍പന ശാലകളും ഫുഡ് സ്റ്റാളും സജീവമായിക്കഴിഞ്ഞു. രണ്ടാം ദിനമായ ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശനം നോക്കിക്കണ്ടു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ വേദികളിലും ജനപങ്കാളിത്തം ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് ആഭിമുഖ്യത്തില്‍ ‘തൊട്ടറിയാം പിഡബ്ല്യുഡി: ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്’ സെമിനാറും വിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ‘വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും’ സെമിനാറുമാണ് ഇന്നലെ നടന്നത്. വൈകിട്ട് ആരംഭിച്ച കലാസന്ധ്യയും അനുവാചക ഹൃദയം കീഴടക്കുന്നതായിരുന്നു.