പത്തനംതിട്ട: മൈലപ്രാ സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. 33 കോടിയുടെ തിരിമറിയാണ് നടന്നിരിക്കുന്നത്. ഇതില്‍ നാലു കോടിരൂപയുടെ ക്രമക്കേട് മാത്രമാണ് നിലവില്‍ എഫ്‌ഐആര്‍ ഇട്ട് കേസ്സെടുത്തിട്ടുള്ളത്. ഇതില്‍ മുഖ്യ പ്രതി മുന്‍ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യൂ ആണ്. കഴിഞ്ഞ ദിവസം ബാങ്കിലെ തിരിമറിയെക്കുറിച്ച് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചാണ് ജോഷ്വാ മാത്യുവിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അമൃത ഫാക്ടറിക്ക് വഴിവിട്ട് വായ്പ നല്‍കിയതിലാണ് ക്രമക്കേട്. 33 കോടി രൂപയാണ് അമൃത ഫാക്ടറിയില്‍ നിന്നും ബാങ്കിന് ലഭിക്കുവാനുള്ളത്. അമൃത ഫാക്ടറിയുടെ കണക്കില്‍ പല കൃത്രിമവും നടന്നിട്ടുണ്ടെന്ന് ബാങ്കിലെ നിക്ഷേപകര്‍ പറയുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ ഇനിയും വിശദമായ അന്വേഷണം നടക്കും. പ്രധാനമായും അമൃത ഫാക്ടറി വഴി 33 കോടി രൂപ എവിടേക്ക് ഒഴുകിയെന്ന് കണ്ടുപിടിക്കും. ഫാക്ടറിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
അമൃതയുടെ നടത്തിപ്പ് ചുമതല അന്ന് ബാങ്ക് സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യുവിനായിരുന്നു. ഇദ്ദേഹമായിരുന്നു മൈ ഫുഡ് റോളര്‍ കമ്പിനിയുടെ ജനറല്‍ മാനേജര്‍. ഇദ്ദേഹമറിയാതെ ഫാക്ടറിയിലോ മൈ ഫുഡ് റോളര്‍ കമ്പിനിയിലോ ഒന്നും നടക്കില്ല. ബാങ്ക് ജീവനക്കാരില്‍ ചിലരുടെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചുവെന്നാണ് കരുതുന്നത്. അമൃത ഫാക്ടറിയിലെ മുന്‍ ജീവനക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. പലരും വരവില്‍ കവിഞ്ഞ സ്വത്തിന് ഉടമകളാണ് എന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.