പത്തനംതിട്ട: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ പോലീസ് കേസെടുത്തു. സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്റ്റാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തട്ടിപ്പ് കേസിലെ പ്രതിയായ സെക്രട്ടറി ജോഷ്വാ മാത്യു ഈ മാസം 31 ന് ബാങ്കില്‍ നിന്ന് വിരമിക്കുകയാണ്. വിശ്വാസ വഞ്ചനാകുറ്റം ചുമത്തിയ പോലീസ് കേസെടുത്തതോടെ ചികിത്സക്കെന്ന പേരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ് ജോഷ്വാ മാത്യു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തി.
മൈലപ്ര സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അമൃത – മൈഫുഡ് റോളര്‍ ഫ്ലോര്‍ ഫാക്ടറിയുടെ പേരിലാണ് സാമ്പത്തിക തിരിമറികള്‍ നടന്നത്. മൂന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തി അന്‍പത്തിയേഴായിരത്തി അഞ്ഞൂറ്റി അറുപത്തിയാറ് രൂപയുടെ തിരിമറി നടന്നെന്നാണ് സഹകരണ വകുപ്പ് ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടാം തിയതി നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയത്. അമൃത ഫാക്ടറിയില്‍ മൂന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപയുടെ ഗോതമ്പ് സ്റ്റോക്ക് ഉണ്ടെന്നാണ് സെക്രട്ടറി ജോഷ്വാ മാത്യു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കോന്നി എ ആര്‍ എസ് ബിന്ദു നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
സ്വകാര്യ കമ്പിനിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫാക്ടറിയുടെ മാനേജിങ്ങ് ഡയറക്ടറും ജോഷ്വാ മാത്യു തന്നെയാണ്. ഫാക്റിയുടെ പേരില്‍ സെക്രട്ടറി പണം അപഹരിച്ചെന്നാണ് എ ആര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സഹകരണ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ബാങ്കിലെ ജീവനക്കാര്‍ സെക്രട്ടറിക്കും ഭരണസമിതി പ്രസിഡന്റിനുമെതിരെ മൊഴി നല്‍കിരുന്നു. ഭരണ സമിതിക്കെതിരെ ബാങ്കില്‍ ജീവനക്കാര്‍ നടത്തുന്ന സമരം തുടരുകയാണ്. ഇതോടെ മൈലപ്രയിലെ ഹെഡ് ഓഫീസിന്റെയും മണ്ണാറാക്കുളഞ്ഞി, ശാന്തിനഗര്‍ ബ്രാഞ്ചുകളുടെയും പ്രവര്‍ത്തനം പൂര്‍ണതോതില്‍ നിന്നു. പണം പിന്‍വലിക്കാന്‍ എത്തുന്ന നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ ബാങ്കില്‍ കാശില്ല.