പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍. കുടിശ്ശികക്കാര്‍ക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചെങ്കിലും സഹകരണ വകുപ്പ് മെല്ലെപ്പോക്കിലാണ്. ബാങ്ക് ഭരണസമിതിയെ കൂടുതല്‍ പ്രതിസന്ധിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. നൂറിലധികം കുടിശ്ശികക്കാരുടെ ആര്‍ബിട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി വിധിയും വന്നു. വന്‍ കുടിശ്ശികയുള്ള പത്തോളം പേരുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തു. എന്നാല്‍ ഇതിന്റെ ലേല നടപടികള്‍ക്ക് സഹകരണ വകുപ്പ് തടയിടുകയാണ്.
കഴിഞ്ഞ രണ്ടു മാസമായി കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ സെയില്‍ ഓഫീസര്‍ ഇല്ല. നിലവില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയിട്ട് പുതിയ സെയില്‍ ഓഫീസര്‍ക്ക് ഇതുവരെ ചാര്‍ജ്ജ് നല്‍കിയിട്ടില്ല. ഇങ്ങനെയൊരാളെ നിയമിക്കേണ്ടത് ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ആണ്. താലൂക്ക് തലത്തിലെ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആവശ്യപ്പെടുന്ന മുറക്കാണ് ഈ നടപടി ഉണ്ടാകുക. എന്നാല്‍ മൈലപ്രാ സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കോന്നി അസിസ്റ്റന്റ് രജിസ്ട്രാറും ജില്ലാ ജോയിന്റ് രജിസ്ട്രാറും ഇതിനു തുനിയാതെ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാന്‍ വ്യഗ്രത കാണിക്കുന്നതിനു പിന്നില്‍ ഏറെ ദുരൂഹതയുണ്ട്.
വായ്പ നല്‍കിയ പണം തിരിച്ചുപിടിക്കാന്‍ ബാങ്ക് നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ആക്ഷേപം. മൈലപ്രാ ബാങ്കിന് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും ഇക്കാര്യം വ്യക്തമായി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വായ്പ കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ബാങ്ക് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാണ്. ജപ്തി നടപടികള്‍ പോലും തുടര്‍ച്ചയായി തടസ്സപ്പെടുത്തിയത് വകുപ്പിലെ ചില ഉന്നതരാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിട്ടും ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്ത് വില്‍ക്കുവാന്‍ ജോയിന്റ് രജിസ്ട്രാര്‍ സഹകരിക്കുന്നില്ല. ഇദ്ദേഹമാണ് ഇപ്പോള്‍ മൈലപ്രാ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്.