പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്കിലും കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിക്കുവാന്‍ മിക്കവരും ആശ്രയിച്ചത് മൈലപ്രാ ബാങ്കിനെയാണ്. ബാങ്ക് തകര്‍ന്നാലും കള്ളപ്പണം നിക്ഷേപിച്ചവര്‍ പരാതിയുമായി വരില്ലെന്ന് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് വ്യക്തമായി അറിയാമായിരുന്നു. കണക്കില്‍ തിരിമറി നടത്താനും പണം വകമാറ്റാനും ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതാണ്. മൈലപ്ര, കുമ്പഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പല പ്രമുഖരുടെയും കോടികളുടെ നിക്ഷേപം ഇവിടെയുണ്ട്. നോട്ടുനിരോധനം വന്നപ്പോള്‍ രാത്രിയില്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് കോടികളാണെന്നും സംസാരമുണ്ട്.
കുമ്പഴയിലെ ഒരു വ്യാപാരിയും ഭൂമാഫിയാ തലവനുമായ ഒരാളുടെ നാലുകോടിയിലധികം രൂപ മൈലപ്രാ ബാങ്കില്‍ നിക്ഷേപമായി ഉണ്ടെന്നാണ് വിവരം. മിക്ക സഹകരണ ബാങ്കുകളിലും ഇയാള്‍ക്ക് വന്‍ നിക്ഷേപമുണ്ട്. അപ്രതീക്ഷിതമായി നോട്ടുനിരോധനം വന്നപ്പോള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ രാത്രിയില്‍ ചാക്കില്‍ നിറച്ച് മൈലപ്രാ ബാങ്കിലെ ഒരു പ്രമുഖന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ ആയപ്പോള്‍ തന്റെ നിക്ഷേപം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ഇയാള്‍ ബാങ്കിലെ ചില ജീവനക്കാരെ കൂട്ടുപിടിച്ച് മൈലപ്രാ ബാങ്കില്‍ നിന്നും വായ്പ എടുത്തവരെ സമീപിച്ച് അവരുടെ വായ്പ്പയില്‍ ഇയാളുടെ നിക്ഷേപം വരവ് ചെയ്യുകയും ഉണ്ടായി. ഏകദേശം 33 ലക്ഷത്തോളം രൂപ ഇപ്രകാരം ഇയാള്‍ തിരിച്ചുപിടിച്ചു. വായ്പ്പ എടുത്തവര്‍ ബാങ്കില്‍ പണമായി അടച്ചാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് പണം ലഭിക്കുകയുള്ളൂ. ഇയാളുടെ വളഞ്ഞവഴി തിരിച്ചറിഞ്ഞ മറ്റ് നിക്ഷേപകര്‍ പ്രതിഷേധവുമായി എത്തിയതോടെ കൂടുതല്‍ നിക്ഷേപം ഇയാള്‍ക്ക് തിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. ബാങ്കിലെ ചില ജീവനക്കാരുടെ ഒത്താശയും ഇയാള്‍ക്ക് ഉണ്ടായിരുന്നു.
മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വേണമെന്ന് നിക്ഷേപകര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം എത്രത്തോളം പ്രയോജനകരമാകും എന്നതില്‍ നിക്ഷേപകരില്‍ പലര്‍ക്കും ആശങ്കയുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ഇ.ഡി യുടെ അന്വേഷണത്തിലൂടെയാണ് വന്‍ തട്ടിപ്പിന്റെ ചുരുളുകള്‍ അഴിഞ്ഞത്. അതേ രീതിയിലുള്ള അന്വേഷണമാണ് മൈലപ്രാ ബാങ്കിലും നടക്കേണ്ടത്. ഇ.ഡി യുടെ സമഗ്രമായ അന്വേഷണത്തിലൂടെ ഇവിടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ വ്യക്തമായ കണക്കുകള്‍ പുറത്ത് വരുന്നതിനൊപ്പം ബാങ്കിലെ ജീവനക്കാരുടെ പങ്കും പുറത്തുവരും.