പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സമഗ്ര വികസനമെന്ന ലക്ഷ്യത്തോട് കൂടിയുള്ള 2024-25 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് രജനി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് അവതരിപ്പിച്ചു. വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും ഉല്‍പാദന മേഖലയില്‍ പോത്തുകുട്ടി , പശു വളര്‍ത്തല്‍ , ആട് വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ അടക്കം കാര്‍ഷിക മേഖലയില്‍ 26 ലക്ഷം രൂപ വകയിരുത്തി. സമ്പൂര്‍ണ ഭവനം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലൈഫ് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി.
ആരോഗ്യ മേഖലയില്‍ 45 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റീവ് കെയര്‍, കുടിവെള്ള വിതരണം , ശുചിത്വ മാലിന്യ സംസ്‌കരണം 20 ലക്ഷം രൂപ , ദാരിദ്ര്യം ലഘൂകരണം 1.6 കോടി രൂപ, വനിതാക്ഷേമം , പട്ടികജാതി ക്ഷേമം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമം, വയോജനക്ഷേമം, കുട്ടികള്‍ ഉള്‍പ്പെടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സേവന മേഖലയില്‍ 3.48 കോടി രൂപ രൂപയും നീക്കിവെച്ചു. പശ്ചാത്തല മേഖലയ്ക്ക് 1.25 കോടി രൂപ വകയിരുത്തിയിട്ടുള്ളതും ആകെ വരവ് 1.50 കോടി രൂപയും ചിലവ് 1.33 കോടി രൂപയും നീക്കി ബാക്കി ഒന്‍പതു ലക്ഷം രൂപയും ഉള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു.