പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മൈലപ്ര ഗ്രാമപഞ്ചായത്ത്.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തികള്‍ കര്‍ശനമായും വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നു വീടുകളിലെത്തി വ്യക്തികള്‍ക്കും കുടുംബത്തിനും നിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം നിരീക്ഷണ കാലയളവില്‍ ഇത്തരം വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍നല്‍കുന്ന കാര്യത്തിലും ഗ്രാമപഞ്ചായത്ത് ശ്രദ്ധചെലുത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നതു ശ്രദ്ധയിപ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കുന്നതിനു സാനിട്ടേഷന്‍ സമിതിക്ക് ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എത്തിക്കുന്നുണ്ട്. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണം സാധനങ്ങളടങ്ങിയ കിറ്റ് നിര്‍ദ്ധനരായിട്ടുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എത്തിച്ചുനല്‍കുന്നുണ്ട്.
മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സമൂഹ വ്യാപനം നേരിടുന്നതിനായി നടപ്പിലാക്കിയ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതള്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മൈലപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും വീടുകളിലും പ്രവേശിക്കുന്നതിനു മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും വേണ്ട നിര്‍ദ്ദേശം സാനിറ്റേഷന്‍ സമിതി ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. സാനിറ്റേഷന്‍ സമിതി മാസ്‌ക്, ഗ്ലൗസ് എന്നിവ ഇതിനായി വിവിധ സ്ഥലങ്ങളിലും വീടുകളിലും വിതരണം ചെയ്തു.
മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു നിര്‍ദ്ദേശം നല്‍കുകയും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
മൈലപ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. പഞ്ചായത്തിലെ നിര്‍ദ്ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പുരോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണു സാമൂഹ്യ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്. ഊണിന് 20 രൂപയാണ്. 25 രൂപ നിരക്കില്‍ ഉച്ചയൂണ് വീടുകളില്‍ എത്തിച്ചു നല്‍കും. വീടുകളില്‍ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുനല്‍കുന്നതിന് വോളന്റിയര്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.