പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെതിരെ ചില തല്‍പ്പര കക്ഷികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവും പറഞ്ഞു. കോവിഡും ലോക്ക് ഡൗണും മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പലരുടെയും വായ്പ്പാ തിരിച്ചടവ് മുടങ്ങി. ദൈനംദിന ചിലവിന് പണമില്ലാത്തതിനാല്‍ സ്ഥിരനിക്ഷേപകര്‍ ഉള്‍പ്പെടെ അവരുടെ പണം പിന്‍വലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക ഞെരുക്കം നിലവിലുണ്ട്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലര്‍ ബാങ്കിനെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ മിക്ക ധനകാര്യസ്ഥാപനങ്ങളും സാമ്പത്തിക ഞെരുക്കത്തിലാണ്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കും ഇതില്‍ ഉള്‍പ്പെടുക സ്വാഭാവികമാണ്. നിലവിലുള്ള അവസ്ഥ വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായി തരണം ചെയ്യുമെന്നും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. ബാങ്കിന്റെ ഇടപാടുകാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരോ കര്‍ഷകരോ ആണ്. വായ്പ്പാ കുടിശ്ശിഖയുടെ പേരില്‍ ആരേയും കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ മുമ്പോട്ടുപോകുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വായ്പ്പാ കുടിശ്ശിക കര്‍ശനമായി തിരിച്ചുപിടിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ഇതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്നും എല്ലാവരും പൂര്‍ണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ധിച്ചു.
കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും തടസ്സവാദങ്ങളും അപ്പീല്‍ നടപടികളും ബാങ്കിന്റെ നടപടികള്‍ക്ക് കാലതാമസം ഉണ്ടാക്കുന്നു. അതിനാല്‍ ജപ്തി നടപടിയിലൂടെ ബാങ്ക് ഏറ്റെടുത്ത വസ്തുവകകള്‍ യഥാസമയം ലേലം ചെയ്യുവാന്‍ കഴിയുന്നില്ല. ഇക്കാര്യം സഹകരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു പറഞ്ഞു. ബാങ്കിന് നിയമപരമായി ലഭിക്കേണ്ട പണം ലഭിച്ചാല്‍ ഇപ്പോഴുള്ള പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കപ്പെടും. കഴിഞ്ഞ വാര്‍ഷിക പൊതുയോഗം അംഗീകരിച്ച കണക്കുപ്രകാരം 10071 അംഗങ്ങളും 2 കോടി 42 ലക്ഷം രൂപാ ഓഹരി മൂലധനവും മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനുണ്ട്. 123 കോടി 98 ലക്ഷം രൂപാ നിക്ഷേപമായി ലഭിച്ചപ്പോള്‍ 100 കോടി 20 ലക്ഷം രൂപാ വായ്പയായും നല്‍കിയിട്ടുണ്ട്. 22 കോടിയിലധികം രൂപാ നിലവില്‍ കുടിശ്ശികയുമുണ്ട്.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഏറെ ആഴത്തില്‍ എത്തിക്കഴിഞ്ഞു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനകരമായ നിരവധി വായ്പ്പാ – നിക്ഷേപ പദ്ധതികളാണ് ബാങ്ക് നടത്തിവരുന്നത്. കൂടാതെ നിരവധി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായി വിദ്യാഭ്യാസ വായ്പ്പയും നല്‍കുന്നു. വിദേശരാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവര്‍ക്കും വായ്പ്പ നല്‍കുന്നുണ്ട്. കൂടാതെ ചിട്ടികളും നടത്തുന്നു. 73 നമ്പരുകളിലായി 179 ലക്ഷം രൂപയുടെ ചിട്ടി ഇപ്പോഴുണ്ട്.
ഇതിലൂടെ ഏറെ അസ്വസ്ഥമായത് ബ്ലെയിഡ് പലിശക്കാരാണ്. ജനങ്ങളില്‍ തെറ്റിധാരണ പരത്തി അതിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആക്കുകയാണ് ഇവരുടെ ലക്‌ഷ്യം. വായ്പ്പ എടുത്തവരെക്കൊണ്ട് തിരിച്ചടപ്പിക്കാതിരിക്കുവാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു പറഞ്ഞു. കാലാവധി തികയാത്ത സ്ഥിരനിക്ഷേപങ്ങള്‍ അപ്രതീക്ഷിതമായി പിന്‍വലിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിക്ഷേപകര്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും ബാങ്ക് ഭരണസമിതി അഭ്യര്‍ധിച്ചു.
മൈലപ്രയിലെ കേന്ദ്ര ഓഫീസ് കൂടാതെ മൂന്നു ശാഖകളും മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനുണ്ട്. മൈലപ്ര പള്ളിപ്പടിയിലെ അമൃത സൂപ്പര്‍ മാര്‍ക്കറ്റ്, അമൃത എന്ന പേരില്‍ റവ, ആട്ട, മൈദ നിര്‍മ്മിക്കുന്ന മൈ ഫുഡ്സ് റോളര്‍ ഫ്ലവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭങ്ങളാണ്. ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 29 സ്ഥിര ജീവനക്കാരും 36 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. കൂടാതെ നിരവധിപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന ഒരു വലിയ പ്രസ്ഥാനമാണ് മൈലപ്രാ സഹകരണ ബാങ്ക്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിക്ഷേപകരും സഹകാരികളും ഏറെ ആത്മാര്‍ഥതയോടെ ബാങ്ക് ഭരണസമിതിയോടൊപ്പം നിലകൊള്ളേണ്ട സമയമാണിത്. ഗൂഡലക്ഷ്യത്തോടെയുള്ള ചില തല്‍പ്പര കക്ഷികളുടെ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ഇതിലൂടെ മാത്രമേ കഴിയൂ. സഹകാരികളുടെയും ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇന്നത്തെ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക്. പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തതാണ് വിശ്വാസം.
ഇന്ത്യന്‍ സഹകരണ മേഖലയിലെ ഏക ഗോതമ്പ് സംസ്കരണ ഫാക്ടറിയാണ് മൈ ഫുഡ്സ് റോളര്‍ ഫ്ലവര്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗുണമേന്മക്ക് പേരുകേട്ടതാണ് “അമൃത” എന്ന പേരിലുള്ള ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍. കോവിഡും അതിനെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും അമൃത ഉല്‍പ്പന്നങ്ങളെയും ബാധിച്ചു. ഹോട്ടല്‍ മേഖലയിലുണ്ടായ തകര്‍ച്ചയാണ് അമൃത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെയും ബാധിച്ചത്. കൂടാതെ അസംസ്കൃത വസ്തുവായ ഗോതമ്പിന്റെ വില കുത്തനെ കയറി. ഇതും കമ്പിനിയെ നഷ്ടത്തിലേക്ക് നീക്കി. എന്നാല്‍ ഇതെല്ലാം താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ്. 2022 ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ എല്ലാ പ്രതിസന്ധികളും തരണം ചെയ്യുവാന്‍ കഴിയുമെന്ന് കമ്പിനി ചെയര്‍മാന്‍കൂടിയായ ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.
ഒരു വ്യവസായ സ്ഥാപനമായതിനാല്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ട നിരവധി സാഹചര്യങ്ങള്‍ നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നോട്ടീസ് നല്‍കി ബാങ്ക് ഭരണസമിതി കൂടി തീരുമാനമെടുക്കുക അപ്രായോഗികമാണ്. തന്നെയുമല്ല ഭരണസമിതി എടുക്കുന്ന തീരുമാനത്തിന് സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കുകയും വേണം. കുറഞ്ഞത് 30 ദിവസമെങ്കിലും ഈ നടപടിക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി കമ്പിനി രൂപീകരിച്ച് അമൃത ഫാക്ടറി അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ അതാതു കാലത്തെ പ്രസിഡന്റ് ആയിരിക്കും കമ്പിനിയുടെ ചെയര്‍മാന്‍. ബാങ്കിന്റെ സെക്രട്ടറി ആയിരിക്കും മാനേജിംഗ് ഡയറക്ടര്‍. കൂടാതെ ബാങ്കിന്റെ ഭരണസമിതിയില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വരിക. ഈ കമ്പിനി പൂര്‍ണ്ണമായും മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.
© Copyright Pathanamthitta Media 2022. All rights reserved.
































