ബെംഗളൂരു : മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ സർക്കാർ മാറ്റി. എ.ഡി.ജി.പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ സർക്കാർ മാറ്റിയത്.
മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പോലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.