തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ ദുരൂഹമരണത്തിൽ, ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് സമ്മതിച്ച് അമ്മ. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് മാതാവ് അനീഷ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് പ്രേരിപ്പിച്ചതും ഗൂഡാലോചന നടത്തിയതും ആൺസുഹൃത്തായ ഭവിനാണെന്നും കണ്ടെത്തി. രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് സംഭവങ്ങളിലും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഭവിനും അനീഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 നവംബർ 6 നായിരുന്നു ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. കൊലനടത്തിയ അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുവളപ്പിൽ കുഴിച്ചു മൂടി. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികൾ പുറത്തെടുത്ത് ഭവിന് കൈമാറി. 2024 ഓഗസ്റ്റ് 29 നാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്‍റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ ഭവിന്‍റെ വീട്ടിലെത്തിച്ചു. ഭവിന്‍റെ വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം 4 മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്.