നാദാപുരം : മഞ്ഞാംപുറത്ത് വീട്ടിലെ നടുത്തളത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആടാൻ മൂന്നു വയസ്സുകാരായ മുഹമ്മദ് റസ്വിനും ഫാത്തിമ റൗഹയും ഇനിയില്ല. മാതാവ് കിണറ്റിലെറിഞ്ഞു കൊന്ന ഇരട്ടക്കുട്ടികളുടെ ഊഞ്ഞാൽ വീട്ടിലെത്തുന്നവർക്ക് നൊമ്പരക്കാഴ്ചയാവുകയാണ്. രണ്ടു മക്കളുടെ ദാരുണ മരണവിവരം അറിഞ്ഞുകൊണ്ടാണ് ഇന്നലെ നാടുണർന്നത്. സന്ധ്യവരെ വീട്ടുകാരൊത്ത് സല്ലപിച്ചിരുന്ന കുട്ടികൾ രാത്രിയിൽ ഉമ്മയോടൊപ്പം മുകളിലത്തെ നിലയിലായിരുന്നു. രാത്രി 10 മണിയോടെയാണ് ദുരന്തം പുറംലോകം അറിയുന്നത്.
കുട്ടികൾ രണ്ടു പേരും മരണത്തിനു കീഴടങ്ങിയെങ്കിലും മാതാവ് സുബീന മുംതാസ് (30) കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ പറയാനില്ലാത്ത വീട്ടിൽ നടന്ന സംഭവത്തിൽ പ്രദേശമാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. നേരേത്ത വിവാഹ മോചിതയായ സുബീനയെ പിന്നീട് റഫീഖ് വിവാഹം കഴിക്കുകയായിരുന്നു. യുവതിക്കു നേരേത്തയും മാനസികാസ്വസ്ഥത ഉള്ളതായി പറയപ്പെടുന്നു. സംഭവ സമയം ഭർതൃ മാതാവ് മാമി, ഭർതൃസഹോദരി നസീറ എന്നിവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഭർതൃവീട്ടിൽ താമസിക്കുന്ന നസീറയെ ഞായറാഴ്ച പകൽ സുബീന തന്നെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഭർത്താവ് റഫീഖ് തൊട്ടടുത്ത വീട്ടിലായിരുന്നു. സന്ധ്യക്കുശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിൽ കഴിഞ്ഞിരുന്ന ഇവർ ഏതു സമയത്താണ് പുറത്തേക്ക് പോയതെന്ന് വീട്ടുകാർക്ക് അറിവില്ല. യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിലെ ദുരൂഹത ബോധ്യമാകൂവെന്ന് നാദാപുരം എസ്.ഐ ആർഎൽ പ്രശാന്ത് പറഞ്ഞു.