കോന്നി : തണ്ണിത്തോട് കെ കെ പാറയിൽ അപ്രതീക്ഷിതമായി എത്തിയ നാഗശലഭം നാട്ടുകാർക്ക് കൌതുകമായി.കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കെ കെ പാറയിൽ സ്ഥാപിച്ചിരിക്കുന്ന പറക്കുളം വഞ്ചിക്ക് സമീപത്തായാണ് നാഗശലഭത്തെ കണ്ടെത്. തുടർന്ന് നിരവധി ആളുകളും അപ്രതീക്ഷിതമായി എത്തിയ അഥിതിയെ കാണുവാൻ തടിച്ചുകൂടി. ഏറെനേരം ആളുകൾ മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ആരോ ചിത്രം പകർത്തുന്നതിനിടെ ശലഭം പറന്നകന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നാണ് നാഗ ശലഭം.നിബിഡ വന പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇരു ചിറകുകളും വിടർത്തുമ്പോൾ 240 മില്ലി മീറ്റർ നീളമുണ്ട്. ചുമപ്പ് കലർന്ന തവിട്ടു നിറമാണ് ഇതിനുള്ളത്. ചിറകുകളുടെ അഗ്രം പാമ്പിന്റെ തലയുടെ ആകൃതി ആയതിനാൽ സ്നേക്ക് ഹെഡ് എന്നും ഇതിനെ വിളിക്കാറുണ്ട്. ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളും ഉണ്ട്. സാധാരണ ശലഭങ്ങളെപോലെ ജീവിത ചക്രമുള്ള ഇവ നിത്യ ഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. സാധാരണ ഗതിയിൽ പത്തുമുതൽ പന്ത്രണ്ട് ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. പട്ടുനൂലിന് വേണ്ടി ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ അറ്റ്ലസ് ശലഭങ്ങളെ വളർത്താറുണ്ട്.